Monday, December 7, 2009

പ്രതിഭാഷയോട്‌ പ്രതികരിക്കുമ്പോള്‍

ചിലരുടെ സ്വഭാവം അങ്ങനെയാണ്... ചില കുട്ടികളെപ്പോലെ

കുട്ടികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടിട്ടില്ലേ? എന്നിട്ടും രക്ഷയില്ലാതായാല്‍ കരയാന്‍ തുടങ്ങും. നിവൃത്തിയില്ലായ്മയില്‍ നിന്നു കരച്ചില്‍ ഉദ്ഭവിക്കുന്ന മറ്റൊരു ജീവിവര്‍ഗ്ഗം കൂടിയുണ്ട് - കഴുതകള്‍!

എന്നാല്‍ പ്രായമായവരില്‍ ഈ സ്വഭാവസവിശേഷത ഒരു ന്യൂനതയാണ്. രോഗം എന്നു ഞാന്‍ വിളിക്കില്ല. എന്നാല്‍ ഇതൊരു ന്യൂനത തന്നെയാണ്. സ്വഭാവ വൈകല്യം.

പറഞ്ഞു വരുന്നത്, ഇക്കഴിഞ്ഞ ദിവസം ഞാനും ശ്രീ കുഴൂര്‍ വിത്സണും തമ്മിലുണ്ടായ ഒരു അഭിമുഖത്തേക്കുറിച്ചാണ്. സുനില്‍ പണിക്കര്‍ എന്ന ബ്ലോഗറുടെ ആവശ്യപ്രകാരമാണ് ഞാന്‍ ആ അഭിമുഖത്തിന് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ശ്രീ സുനില്‍ പണിക്കര്‍ക്ക് വ്യക്തമായുമറിയാവുന്ന ഒരു കാര്യമാണ് അദ്ദേഹം ഇതാവശ്യപ്പെട്ട് കേവലം പത്തു മിനിട്ടുകള്‍ക്കകം ഞാന്‍ ചോദ്യങ്ങള്‍ അയച്ചു കൊടുത്തു. ഒരു പക്ഷേ ശ്രീ കുഴൂരിനുമിതറിയാം. അദ്ദേഹം സമ്മതമറിയിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആ ചോദ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കണം. (പണിക്കര്‍ അപ്പോള്‍ തന്നെ ഫോര്‍വേഡ് ചെയ്തെങ്കില്‍)

ഈ കുറഞ്ഞ സമയപരിധിക്കുള്ളില്‍, ഇവിടെ ചില സാമൂഹ്യ അപരിഷ്കര്‍ത്താക്കള്‍ ജല്‍‍പ്പനം ചെയ്യുന്നതു പോലെ യാതൊരു ദുരുദ്ദ്യേശപരമായ ചോദ്യങ്ങളും ഞാനായിട്ട് തുന്നിച്ചേര്‍ത്തിട്ടില്ല. മറ്റൊന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയെ അടുത്തറിയാന്‍ ഒരവസരം ലഭിച്ചത് വിനിയോഗിക്കുക എന്ന ചിന്ത. ഇത്രമാത്രം.

അതേതുടര്‍ന്ന് വിഷ്ണുപ്രസാദിന്‍റെ ഒരു കമന്‍റ്, കരച്ചിലിന്‍റെ കവി ഇപ്പോള്‍ സുഖിപ്പിക്കലിന്‍റെ കവിയുമായത്രേ... ഇതു പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ നിറഞ്ഞിരുന്ന ‘തേങ്ങല്‍‘ മനസ്സിലാക്കിയതു കൊണ്ടു തന്നെ അയാളെ ഉദ്ദേശിച്ചു മാത്രം ഞാന്‍ ഒരു മറുപടിയുമിട്ടിരുന്നു, സുഖിപ്പിക്കല്‍ ആഗ്രഹിക്കുന്നവരെയും വല്ലപ്പോഴുമെങ്കിലും നിരാശരാക്കാന്‍ പാടില്ലല്ലോ. താങ്കള്‍ക്കു വേണോ കുറച്ച്? എന്ന്. ഇത്തരം വിലാപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ തന്നെയും, പകുതി തമാശയും, പകുതി കാര്യമായും തന്നെ.

അടുത്ത ദിവസം പ്രതിഭാഷ എന്നൊരു ബ്ലോഗില്‍ (വിസര്‍ജ്ജിച്ചതിനേക്കുറിച്ചും, ഭോഗിച്ചതിനേക്കുറിച്ചുമൊക്കെയുള്ള സുന്ദര കാവ്യങ്ങള്‍(?) പൂത്തുലഞ്ഞു പരിലസിച്ചു നില്‍‍ക്കുന്നയിടം) തകര്‍പ്പനൊരു (എന്നായിരിക്കും അയാളുടെ വിശ്വാസം) പോസ്റ്റും. കുഴൂരിനെതിരെയാണ് ആക്രമണം. കൂടെ ജയകൃഷ്ണന്‍ കാവാലത്തിനും, സുനില്‍ പണിക്കര്‍ക്കുമൊന്നും കവിതയേക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നൊരു കണ്ടുപിടുത്തവും ഉണ്ട്.

എന്‍റെ കാര്യം പറയാം. ശരി തന്നെയാണ്. എനിക്ക് കവിതയേക്കുറിച്ചൊരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഒരു ആഗ്രഹത്തിന്‍റെ പേരില്‍ കവിതയെന്നു കരുതി എന്തെല്ലാമോ എഴുതി വയ്ക്കുന്നു. ഇന്നീ നിമിഷം വരെ അവകളുടെ ലിങ്കുകള്‍ ഒരുത്തനും ഞാന്‍ അയച്ചു കൊടുത്തിട്ടില്ല, കമന്‍റുകള്‍ ഇരന്നു നടന്നിട്ടില്ല, പ്രമോട്ടര്‍മാരെ അന്വേഷിച്ചു പരക്കം പാഞ്ഞിട്ടില്ല. അതിനുള്ള ഗതികേടുണ്ടാകുമ്പോള്‍ ഞാന്‍ മലയാളഭാഷയെ ദ്രോഹിക്കുന്ന പണി നിര്‍ത്തും. നല്ല താല്പര്യമുള്ളവര്‍ മാത്രം വന്നു വായിച്ചു പോവുക. അത്ര മാത്രം. സുനില്‍ പണിക്കരുടെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല.

മറ്റൊന്നുള്ളത്‌ ‘പ്രേമത്തിന്‍റെ ദേശീയ സസ്യം’ എന്ന കുഴൂരിന്‍റെ ഒരു കവിതയെ വിമര്‍ശിച്ച ജയകൃഷ്ണന്‍ കാവാലത്തിന് ഇപ്പോള്‍ കുഴൂരിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എന്താണവകാശം എന്ന ധ്വനിയുള്ള കുറേ കമന്‍റുകള്‍? ആ കമന്‍റുകളില്‍ നിന്നു തന്നെ അതിന്‍റെ കൃത്താവിന്‍റെ മാനസിക നിലവാരം അളക്കാന്‍ കഴിയും. ഞാന്‍ അന്നു വിമര്‍ശിച്ച ആ കവിതയെ ഇന്നും ശക്തമായി തന്നെ വിമര്‍ശിക്കുന്നു. അത് കുഴൂരിനെയാണെന്നു നിങ്ങള്‍ ധരിച്ചുവോ? കഷ്ടം!!! ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്നു കരുതുന്ന നിങ്ങളുടെ മാനസികനിലയില്‍ നിന്നും വികാസം പ്രാപിച്ചതു കൊണ്ടാവാം എനിക്ക് കുഴൂരില്‍ ധാരാളം നന്മകള്‍ കണ്ടെത്താന്‍ കഴിയുന്നത്. അദ്ദേഹം ഒരു കവിത മോശമായെഴുതി എന്ന് അഭിപ്രായപ്പെട്ടാല്‍ അത് അയാളെഴുതിയ മുഴുവന്‍ കവിതകളെയും ബാധിക്കുന്നതെങ്ങനെയാണ്? നിങ്ങളൊക്കെ ഏതു ലോകത്താണ് മഹാന്മാരേ ജീവിക്കുന്നത്??? ഓഹ് അതു മറന്നു, ബൂലോകത്തിന്‍റെ സാമൂഹിക നീതി ഭൂലോകത്തില്‍ നിന്നും വ്യത്യസ്തവും, നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതുമാണല്ലോ.

ആ സാമൂഹികാന്തരീക്ഷത്തില്‍ ഈ കാവാലത്തുകാരനെ തടവിലാക്കാനോ, പുറം തള്ളാനോ, കൊല ചെയ്യുവാനോ, ഊരു വിലക്കു കല്‍‍പ്പിക്കുവാനോ നിങ്ങളേക്കൊണ്ടാവില്ല. കാരണം എനിക്ക് ആരുടെയും പുറം ചൊറിയലില്‍ താല്പര്യമില്ല. ഇനി ചൊറിച്ചിലുണ്ടായാല്‍ അന്നു ഞാന്‍ വിവാഹം കഴിച്ചു കൊള്ളാം. എന്‍റെ ഭാര്യക്ക് അതിനുള്ള മനസ്സുണ്ടാകും. സ്വന്തമായി ചൊറിച്ചില്‍ നിവാരണം സാദ്ധ്യമാകാത്തതുകൊണ്ടാണല്ലോ നിങ്ങളൊക്കെ (ഈ വിമ്മിഷ്ടപ്പെടുന്നവരൊക്കെ എന്നര്‍ത്ഥം) പരസ്പരം ചൊറിഞ്ഞ് സമാശ്വസിക്കുന്നത്. തല്‍ക്കാലം എനിക്കതിനുള്ള നട്ടെല്ലുണ്ടെന്നു തന്നെ കൂട്ടിക്കോ.

ഞാന്‍ എഴുതുന്നതിനേക്കുറിച്ചോ, അഭിപ്രായപ്പെടുന്നതിനേക്കുറിച്ചോ, വായിക്കുന്നതിനേക്കുറിച്ചോ മറ്റാരും കുണ്ഠിതപ്പെടേണ്ടതില്ല. എനിക്കു തോന്നുന്നവരെ ഇന്‍റര്‍വ്യൂ ചെയ്യും. അവര്‍ക്കു സമ്മതമാണെങ്കില്‍. അതു ഞാന്‍ പബ്ലിഷ് ചെയ്തെന്നോ, സ്വകാര്യമായി സൂക്ഷിച്ചെന്നോ, തീയിട്ടു കളഞ്ഞെന്നോ ഇരിക്കും. മറ്റാരുടെയും മാനസികോല്ലാസത്തിന്‍റെ പേരിലോ, മാനസിക വൈകല്യത്തിന്‍റെ മറുമരുന്നായോ അവകളെ വിട്ടു തരുവാന്‍ ഞാന്‍ തയ്യാറല്ല. സൌകര്യമുള്ളവന്‍ മാത്രം വന്ന് വായിച്ചാല്‍ മതി. അനുകൂലമായാലും, പ്രതികൂലമായാലും അഭിപ്രായവും രേഖപ്പെടുത്തിക്കൊള്ളുക. അഭിപ്രായം തെറിയാണെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് അപ്പൊഴത്തെ എന്‍റെ മാനസികാവസ്ഥ പോലെയോ എന്‍റെ വക്കീലിന്‍റെ സമയലഭ്യത പോലെയോ ഇരിക്കും.

പ്രതിഭാഷയില്‍ എന്നെക്കുറിച്ചു പരാമര്‍ശിച്ചതു കൊണ്ടു മാത്രം പറയട്ടെ വിഷ്ണുപ്രസാദ്, ഇവിടെ അദ്ധ്യാപകന്‍ എന്നവകാശപ്പെടുന്ന, കവിതയുടെ ചുക്കും ചുണ്ണാമ്പും നന്നായറിയുന്ന, താങ്കളുടെ അല്‍‍പ്പത്തത്തില്‍ നിന്നുയിര്‍ക്കൊണ്ട ഔദ്ധത്യം കാണുമ്പോള്‍ താങ്കളുടെ ശിഷ്യന്മാരുടെ ഗതികേടിനേക്കുറിച്ചാണെന്‍റെ ആശങ്ക. നാളെയുടെ തലമുറ! പാണ്ഡിത്യവും, ദീര്‍ഘവീക്ഷണവും, അദ്ധ്യാപനകലയോട് അടങ്ങാത്ത ആവേശവും സമര്‍പ്പണവുമുള്ള ഒരു കൂട്ടം മഹാന്മാരുടെ അതേ വിലാസത്തില്‍ താങ്കളും!!! (ഇത് ആശ്ചര്യ ചിഹ്നമാണെന്നു തെറ്റിദ്ധരിക്കേണ്ട, ആശങ്കയെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നമുള്ളതായി എനിക്കറിവില്ല അതുകൊണ്ടാണ്)

Wednesday, November 25, 2009

പട്ടാളക്കാരന്‍റെ മകന്‍

ഇന്ന് നവംബര്‍ 26

ഇന്‍ഡ്യാമഹാരാജ്യത്തിലേക്ക് അടങ്ങാത്ത അസൂയയും, പകയും പേറി നരാധമര്‍ നുഴഞ്ഞു കയറി നാശം വിതച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. അവിടെ വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരന്‍റെയും ഓരോ തുള്ളി ചോരയും നമ്മോട്‌ ദേശസ്നേഹത്തിന്‍റെയും, ഐക്യത്തിന്‍റെയും, ത്യാഗത്തിന്‍റെയും വീരഗാഥകള്‍ പറയുന്നു. ജന്മനാടിനു വേണ്ടി ജീവന്‍ വെടിഞ്ഞ, രാജ്യത്തിന്‍റെ ഓരോ അഭിമാനസ്തംഭങ്ങള്‍ക്കും അനന്തകോടി സല്യൂട്ടുകള്‍ നല്‍കിക്കൊണ്ട് ഒരു കഥ പറയട്ടെ...

Wednesday, September 16, 2009

നന്‍‍മയുടെ പെരുന്നാള്‍ പ്രാര്‍ത്ഥനയുടേയും



എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍...

പ്രാര്‍ത്ഥനകള്‍ നന്‍‍മയിലേക്കു നയിക്കട്ടെ...

സ്നേഹപൂര്‍വം

Tuesday, July 7, 2009

അനോണികള്‍ ജയകൃഷ്ണന്‍ കാവാലം എന്നെഴുതുമ്പോള്‍

ഈ കുറിപ്പ് അത്ര മാന്യമല്ലാതെ പോയതില്‍ (മാന്യന്‍‍മാരോട് മാത്രം) ക്ഷമ ചോദിച്ചു കൊള്ളുന്നു.

ഒരു വിരുതന്‍റെ പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് ഇന്നെനിക്കു മെയിലയച്ചു തന്നു.

പേരു കേട്ടാല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരുമെന്നതുകൊണ്ടും, സാഹിത്യമലവിസര്‍ജ്ജനമെന്ന വാക്കു കണ്ടുപിടിച്ച കക്ഷിയുടെ സാംസ്കാരിക മലവിസര്‍ജ്ജനവും, വരട്ടു തത്വവാദവും സഹിക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടും, ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കല കൂടിയായ എന്‍റെ തൊഴില്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ ഇത്രയും അരോചകവും, വൃത്തികെട്ടതുമായ ഒരു ബാനര്‍ തെളിഞ്ഞു വരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടും ഞാന്‍ ആ വഴിക്കു പോകാറില്ല.

അസ്ഥിത്വമില്ലാത്തവരും, അധഃപ്പതിക്കുവാന്‍ ലജ്ജയില്ലാത്തവരുമായ അനോണികളോട്‌ പ്രതികരിക്കാറില്ലെങ്കിലും ഇവനൊരു മറുപടി കൊടുക്കാമെന്നു കരുതുന്നു. കാരണം ഇത്തരം ക്ഷുദ്രജീവികള്‍ ഇഴഞ്ഞിഴഞ്ഞു വരുമ്പോള്‍ ആണായിട്ടു ജനിച്ചു പോയില്ലേ കൂട്ടുകാരേ ചിലപ്പോഴെങ്കിലും പ്രതികരിച്ചു പോകും.

കക്ഷി ലോകോത്തര ഹാസ്യമെന്നോ, സാഹിത്യമെന്നോ (ആശാന്‍ ആ വിസര്‍ജ്ജ്യത്തെ അങ്ങനെയെന്തെങ്കിലും കരുതിയിട്ടുണ്ടോ എന്നറിയില്ല, പാവം) ഒക്കെയുള്ള ഭാവത്തില്‍ പടച്ചു വച്ചിരിക്കുന്ന പ്രസ്തുത ‘സാധനത്തില്‍‘ (ക്ഷമിക്കണം അതിനെ അക്ഷരം എന്ന വാക്കുപയോഗിച്ച് വിളിച്ച് അക്ഷരത്തിന്‍റെ മാനം കളയാന്‍ ഞാനില്ല) എന്‍റെ പേരേ അല്ലാതെ പറഞ്ഞിരിക്കുന്ന എന്‍റെ പേരുണ്ടല്ലോ? അപ്പോള്‍ അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അപ്പോള്‍ എന്താണ് ചക്കരേ എന്നെക്കുറിച്ച് കരുതി വച്ചേക്കുന്നത്? എനിക്കറിയാം താങ്കളുടെ വിഷമതകളും അസ്ക്യതകളും കുറേയൊക്കെ. പക്ഷേ അതിനൊന്നും മരുന്നു കുറിക്കല്‍ അല്ല എന്‍റെ പണി. ഇതുവരെ താങ്കളുടെ ‘കുട്ടിക്കളികള്‍‘ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയുടെ ചപലതകളായി മാത്രം കണ്ടിട്ടേയുള്ളൂ. താങ്കള്‍ എന്‍റെ പേരെടുത്തുപയോഗിച്ചതിന്‍റെ പിന്നിലെ ചേതോവികാരം, ഇതു വായിക്കുന്നവര്‍ കൂടി ഒന്നറിയട്ടെ.

ഞാന്‍ വായനശാല എന്ന ഒരു ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് നിരൂപണം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയ ആ ബ്ലോഗില്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു അത് വ്യക്തിവിദ്വേഷത്തിനുള്ള സ്ഥലമല്ലെന്ന്. ഇന്നേവരെ അതില്‍ പ്രതിപാദിച്ചിട്ടുള്ള ബ്ലോഗുകളെ വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും മാത്രമേ നിരൂപണം ചെയ്തിട്ടുള്ളു എന്നുള്ളതാണ് എന്‍റെ വിശ്വാസം. വിമര്‍ശനം, നിരൂപണം എന്നൊക്കെ പറഞ്ഞാല്‍ കണ്ണും പൂട്ടി തന്തക്കു വിളിക്കുന്നതാണെന്ന വിശ്വാസമുള്ളവര്‍ അങ്ങു ക്ഷമിച്ചു കള. ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ല. വായനശാലയില്‍ ആദ്യമായി വന്ന നിരൂപണം കാപ്പിലാന്‍ എന്ന ബ്ലോഗറെക്കുറിച്ചാണ്. നല്ല ഒരു സംഘാടകന്‍, വേറിട്ട കാഴ്ച്ചപ്പാടുള്ള ഒരു കവി, ഒന്നിലേറെ ബ്ലോഗുകളും അതില്‍ വരുന്ന ശ്രദ്ധേയവും രസകരവുമായ പോസ്റ്റുകള്‍ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ ആ ബ്ലോഗ് തിരഞ്ഞെടുത്തുവെന്നേയുള്ളൂ. അന്നു വരെ എനിക്ക് ആ മനുഷ്യനെ അറിയുക പോലും ഇല്ലായിരുന്നു താനും. മാത്രവുമല്ല ആളെ അറിഞ്ഞിട്ടല്ല ഞാന്‍ വായനശാലയില്‍ പോസ്റ്റ് എഴുതുന്നത്. അങ്ങനെയെങ്കില്‍ എന്‍റെ അനിയന്‍റെ ബ്ലോഗ് ഇതുവരെയുള്ളതില്‍ എവിടെയെങ്കിലും ഞാന്‍ പരാമര്‍ശിക്കുമായിരുന്നല്ലോ.

അപ്പോള്‍ പറഞ്ഞു വന്നത് ഈ പോസ്റ്റാണ് കക്ഷിയെ ചൊടിപ്പിച്ചത്. (തെറി നിരൂപണമല്ലാത്തതുകൊണ്ടാണ് സുഹൃത്തേ ഞാന്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താതിരുന്നത്) അന്നു തന്നെ കക്ഷി എനിക്കൊരു ഇ മെയില്‍ അയച്ചു. ഒരു സാരോപദേശം.അരൂപിക്കുട്ടന്‍ എന്ന ബ്ലോഗറുടെ പേരില്‍ അയാളുടെ വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച് എനിക്ക് മെയില്‍ അയച്ചു. അതാണ് ഇവിടെ കാണുന്നത്.


ഇപ്പോള്‍ അപരന്മാരെ സൃഷ്ടിക്കുന്ന കലാപരിപാടി ആര്‍ക്ക് പരമ്പരാഗതമായി പിന്തുടര്‍ന്നു കിട്ടിയ കുലത്തൊഴില്‍ ആണെന്ന് ബോദ്ധ്യമായിക്കാണുമല്ലോ?

അതു കഴിഞ്ഞ് സ്വന്തം പേരില്‍ തന്നെ താങ്ങി ഒരെണ്ണം. അതാണ് ഇത്.


രണ്ടെണ്ണത്തിലെയും ഡേറ്റ് ശ്രദ്ധിക്കുക. മാത്രവുമല്ല രണ്ടു സമയത്തായി അയച്ച് സംഗതിക്ക് ഒരു ഒറിജിനല്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ചതൊക്കെ കൊള്ളാം പക്ഷേ, ഇപ്പുറത്തിരുന്ന് രണ്ട് മെയിലും വായിച്ച എന്‍റെ തലമണ്ടയില്‍ ദൈവംതമ്പുരാന്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിപ്പോയല്ലോ സഖാവേ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഞാന്‍ അതു വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതിന്‍റെ നാണക്കേട് ദൈവത്തിനല്ലേ? ദൈവകോപം ഉണ്ടായാല്‍ എനിക്ക് ഇനി വരുന്ന തലമുറകള്‍ എല്ലാം താങ്കളേപ്പോലെ അനോണികളായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?

ആ സംഭവത്തേ തുടര്‍ന്നാണ് തലയുടെ ഊരിപ്പോയ ആണി അന്വേഷിച്ച് പരതുന്ന വിഭ്രാന്തമായ താങ്കളുടെ നട്ടപ്പാതിരകളിലെ ഭ്രാന്തചിന്തകളില്‍ ഈ പാവം കാവാലത്തുകാരന്‍ പണിക്കരുടെ താടി വച്ച രൂപവും തെളിഞ്ഞു വരാന്‍ തുടങ്ങിയതെന്ന് എനിക്കു നന്നായറിയാം.

ഇന്ന് കാപ്പിലാന്‍ എന്‍റെ സുഹൃത്തു കൂടിയാണ്. ഞങ്ങള്‍ പരസ്പരം പോസ്റ്റുകളില്‍ അഭിപ്രായം പറഞ്ഞെന്നും, ഗ്രൂപ്പ് ബ്ലോഗുകളിലോ, മറ്റു പരിപാടികളിലോ ഒക്കെ സഹകരിച്ചെന്നും വരും. എനിക്കു തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ ആരാധിച്ചെന്നുമിരിക്കും. അതിനു തനിക്കെന്താടോ കൂവേ ഇത്ര വിഷമം? തന്‍റെ തലയില്‍ വച്ചാണോ ആരാധിക്കുമ്പോള്‍ ഞാന്‍ കര്‍പ്പൂരം കത്തിക്കുന്നത്?

അതുകൊണ്ട്‌ മോനേ മോന്‍ പോയി തരത്തിനു കളിക്കുക. തരത്തിനു മാത്രം കളിക്കുക. ഇതു ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? എനിക്കിട്ടു മാന്താന്‍ വന്നാല്‍ ഞാന്‍ പറയുന്നിടമൊക്കെ മോന്‍ മാന്തിത്തരേണ്ടതായിട്ടു വരും. മോനെക്കൊണ്ടു മാന്തിച്ചാല്‍ എന്നെ പിന്നെ കാവാലത്ത് കേറ്റില്ല. അതും ഒരു പ്രശ്നമാണ്. (വൃത്തിയും വെടിപ്പുമുള്ള ഒരു ഗ്രാമമാണ് കാവാലം അതു കൊണ്ടാണ്)

നാളിതു വരെ പലരും ചോദിച്ചിട്ടും ഞാന്‍ ഒരക്ഷരം പറയുകയോ, പുറത്തു വിടുകയോ ചെയ്യാതിരുന്ന ഈ മെയിലിന്‍റെ കഥ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്‌. പക്ഷേ എന്തു ചെയ്യാം പറഞ്ഞു പോയില്ലേ. അതു കൊണ്ടാണ് ഓര്‍മ്മിപ്പിക്കുന്നത്... കൈ വിട്ട കല്ലും, വാ വിട്ട വാക്കും... (മറക്കല്ലേ)

© ജയകൃഷ്ണന്‍ കാവാലം

Tuesday, June 30, 2009

അവര്‍ എല്ലാം തന്നില്ലേ? നമുക്കെന്തു നല്‍കാം?


കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു.
മഴക്കാലക്കെടുതിയില്‍ വലയുന്ന ആദിവാസികളുടെ ദയനീയ ചിത്രം. ഇത്തരം വാര്‍ത്തകളോടൊന്നും പൊതുവേ ആര്‍ക്കും (മാധ്യമങ്ങള്‍ക്കു പോലും) വലിയ താല്‍‍പര്യമില്ലെങ്കിലും ഈ വാര്‍ത്ത ഒരു ചിന്തക്കു വഴി തെളിച്ചു.


വാസ്തവത്തില്‍ നമ്മുടെ നാട്ടിലെ ഏറ്റവും അധഃകൃതരായി ഇന്നും തുടരുന്ന ആദിവാസികള്‍. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതില്‍ നാമെല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളല്ലേ?. അവരുടെ ഈ ദൈന്യാവസ്ഥക്കും, പട്ടിണിക്കും വളരെ ചെറിയ ഒരളവിലെങ്കിലും നാമോരോരുത്തരും കാരണക്കാര്‍ തന്നെ. അവര്‍ കാടുകയറി നാട്ടിലെത്തിക്കുന്ന തേനും, ഔഷധങ്ങളും തുടങ്ങി എന്തെല്ലാമെന്തെല്ലാം ഇന്ന് നമ്മുടെ നിത്യോപയോഗവസ്തുക്കളുടെ ഭാഗമാകുന്നുണ്ട്‌. അവര്‍ മാത്രമായിരിക്കില്ല ഇവയെല്ലാം സംഭരിക്കുന്നതെന്ന വാദം അംഗീകരിക്കുമ്പൊഴും, അവര്‍ സംഭരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും പൂര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

വ്യാവസായികാടിസ്ഥാനത്തില്‍ കാടുകയറിയിട്ടുള്ളവര്‍ കാടിനെ മുച്ചൂടും മുടിച്ച്, പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവേല്‍‍പ്പിച്ച് കാടിറങ്ങുമ്പോള്‍, ഇവര്‍ ചെയ്തിരുന്നതെന്താണ്? പ്രകൃതിക്കിണങ്ങിയ രീതിയില്‍, മിതമായി മാത്രം വനവിഭവങ്ങളെ ശേഖരിച്ച് നമ്മിലെത്തിക്കുന്നു. വ്യവസായികള്‍ മായം ചേര്‍ത്തു വില്‍ക്കുന്ന വനവിഭവങ്ങള്‍ പറയുന്ന വില നല്‍കി വാങ്ങുന്ന നമ്മള്‍ അതേ വിഭവങ്ങള്‍ ഒരു ആദിവാസിയുടെ കയ്യില്‍ നിന്നും ‘ചുളു വിലക്ക്’ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവനില്‍ നിന്ന് പലതും നാം പിടിച്ചെടുക്കുക തന്നെയായിരുന്നു.

നമ്മള്‍ അവരുടെ കൃഷിയിടങ്ങള്‍ കയ്യേറി, അതുമല്ലെങ്കില്‍ പാട്ടത്തിനെന്ന വ്യാജേന അവനെ കബളിപ്പിച്ചു സ്വന്തമാക്കി നമ്മിലൊരു വിഭാഗം തന്നെ പൊന്നു വിളഞ്ഞിരുന്ന, ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും കൃഷിചെയ്തിരുന്ന അവന്‍റെ മണ്ണില്‍ കഞ്ചാവ് കൃഷി ചെയ്തു. അതിന്‌ അവരെത്തന്നെ പറഞ്ഞു പറ്റിച്ചോ, ഭീഷണിപ്പെടുത്തിയോ കാവല്‍ നിര്‍ത്തി. നമ്മള്‍‍, അവര്‍ ജീവിക്കുകയും, ദൈവമായി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന വനങ്ങളില്‍ പകല്‍ക്കൊള്ള ചെയ്തും വെട്ടിനിരത്തിയും തരിശു ഭൂമികളാക്കി. അവനു വേണ്ടിയും കൂടി പ്രകൃതി കരുതി വച്ച വിഭവങ്ങളെ അനധികൃതമായി ചൂഷണം ചെയ്തു. നമ്മള്‍ പരിഷ്കൃത വര്‍ഗ്ഗങ്ങള്‍ എന്നഭിമാനിക്കുന്നവരുടെ എച്ചില്‍ ഭക്ഷിക്കുന്നതില്‍ നിന്നു പോലും അവനെ അകറ്റി. കാലാകാലങ്ങളില്‍ മാറി മാറി വന്ന രാഷ്ട്രീയക്കാരും അവനെക്കൊണ്ടു കാര്യം കണ്ടു. നമ്മള്‍ അവരുടെ പാട്ടു പോലും സ്വന്തമാക്കിയില്ലേ?

നാമെന്താണവര്‍ക്ക് തിരിച്ചു കൊടുത്തത്? മുഴുപ്പട്ടിണിയും, അവജ്ഞയുമല്ലാതെ മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ നമുക്കായിട്ടുണ്ടോ? ഇന്നും കടല്‍കടന്നെത്തുന്ന സായിപ്പിനു കാണാന്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി തേച്ചും, എ സിയുടെ തണുപ്പിലും, ഫേഷ്യലിംഗിന്‍റെ കൊഴുപ്പിലും വെളുപ്പിച്ചെടുത്ത മുഖമുള്ളവര്‍ മുഖത്ത് കരി തേച്ച് കെട്ടിയാടി വര്‍ണ്ണാഭമാക്കുന്ന ആദിവാസി നൃ്ത്തങ്ങള്‍ പോലും അവരുടേതല്ലേ? അവന്‍റെ വേദനയും, പട്ടിണിയും, ഭക്തിയും, സ്നേഹവും, കൂറുമെല്ലാം അലിഞ്ഞു ചേര്‍ന്ന ആ മണ്ണിന്‍റെ സംഗീതത്തെ പോലും നമ്മള്‍ വിലയ്ക്കു വില്‍ക്കുന്നു. എന്നിട്ടും... എന്നിട്ടും നാമവര്‍ക്കെന്തു തിരിച്ചു നല്‍കി???

ജീവകാരുണ്യം പ്രസംഗിക്കുന്ന മത സംഘടനകള്‍ക്കും, അഥസ്ഥിതന്‍റെ ദൈന്യതയെ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണ്ടാതാവുന്നതെന്തുകൊണ്ടാണ്? ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഒരു കൈ പോലും അവനു നേരേ നീളാത്തതെന്തുകൊണ്ടാണ്?

ഭൂലോകത്തേക്കാള്‍ മനുഷ്യത്വവും, സ്നേഹവും കൈമുതലായുള്ള നമ്മള്‍ ബൂലോകര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു ചെയ്യാന്‍ കഴിയുമോ?

© ജയകൃഷ്ണന്‍ കാവാലം